യുപിയില്‍ 20കാരിയെ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു

single-img
16 February 2020

ലക്നോ: ഉത്തര്‍പ്രദേശില്‍ 20 കാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഗോരഖ്‌പൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ വെച്ചാണ് 20 വയസുകാരിയെ പോലീസുകാര്‍ ക്രൂരമായി ബലാല്‍സംഘം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ കുടുംബാംഗങ്ങള്‍ സംഭവം പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബി‌എസ്‌പി, പൂർവഞ്ചൽ സേന തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. ഗോരഖ്‌നാഥ് പോലീസ് സ്റ്റേഷനിലെ എല്ലാ സ്റ്റാഫ് അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

യുവതിയെ ഹോട്ടലില്‍വെചച്ച് കണ്ട പോലീസുകാര്‍ നിങ്ങള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് ബലാല്‍സംഘം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി.
ഇതുസംബന്ധിച്ച് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങള്‍ പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.