പൈപ്പ് തുറന്നപ്പോൾ മദ്യം ! എക്സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുടുങ്ങി ചാലക്കുടിയിലെ 18 കുടുംബങ്ങൾ

single-img
6 February 2020

തൃശ്ശൂർ : രാവിലെ വെള്ളത്തിനായി പൈപ്പ് തുറന്ന കുടുംബങ്ങൾക്ക് ലഭിച്ചത് മദ്യം കലർന്ന വെള്ളം. തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തുള്ള സോളമൻ അവന്യൂ ഫ്ലാറ്റിലെ താമസക്കാർക്കാണ് രാവിലെ വെള്ളത്തിനായി ടാപ്പ് തുറന്നപ്പോൾ മദ്യം കലര്ന്ന വെള്ളം ലഭിച്ചത് . രാവിലെ വെള്ളത്തിനായി ഫ്ലാറ്റ് നിവാസികൾക്ക് വെള്ളത്തിന് എന്തോ പന്തികേട് തോന്നി. അന്വേഷിച്ചപ്പോൾ കെട്ടിടത്തിലെ എല്ലാ ഫ്ലാറ്റുകളിലും സ്ഥിതി ഒന്നുതന്നെയാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ വെള്ളത്തിൽ മദ്യം കലർന്നതിന്റെ രഹസ്യവും പുറത്തു വന്നു.

അപാര്ട്മെന്റിന് സമീപം ഉണ്ടായിരുന്ന രചന ബാറിൽ ആറ് വർഷം മുമ്പ് അനധികൃതമായി സൂക്ഷിച്ചിരുന്ന 6,000 ലിറ്റർ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. കേസ് നടപടികൾക്ക് ശേഷം, മദ്യം നശിപ്പിക്കാൻ കോടതി മുന്നോട്ട് പോയി. എന്നാൽ ഇത്രയധികം മദ്യംഅതേ ഭൂമിയിൽ തന്നെ നശിപ്പിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.ബാർ പരിസരത്ത് ഒരു വലിയ കുഴി കുഴിച്ചു. പിടിച്ചെടുത്ത മദ്യം അതിൽ ഒഴിച്ചു കളയുകയായിരുന്നു.

എന്നാൽ വലിയ തോതിൽ നിക്ഷേപിച്ച മദ്യം മണ്ണിലൂടെ ഒഴുകി അടുത്തുള്ള കിണറ്റിൽ പ്രവേശിച്ച് വെള്ളത്തിൽ കലരുകയായിരുന്നു . ഈ വെള്ളം ടാങ്കിലേക്ക് പമ്പ് ചെയ്തതാണ് പ്രശ്നത്തിന് കാരണം.

എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹാരം വാഗ്ദാനം ചെയ്തു. കിണർ വൃത്തിയാക്കുന്നതുവരെ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള നടപടികൾ സ്വീകരിച്ചു.
എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് നിവാസികൾ ചാലക്കുടി മുനിസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.