കേന്ദ്ര സര്‍ക്കാരിന്റെ ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴി; കേരളത്തില്‍ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല: മുഖ്യമന്ത്രി

single-img
12 January 2020

മുസ്ലീം ന്യൂനപക്ഷത്തിന് കേരളം സുരക്ഷിത കോട്ടയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല. കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പാക്കാൻ പറയുന്ന ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്.

ഇത്തരത്തിൽ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. ജനസംഖ്യ അറിയാനുള്ള സെന്‍സസും ജനസംഖ്യരജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍ ആര്‍ സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് നയമാണെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇപ്പോൾ കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ആര്‍എസ്എസ് അജണ്ടയാണ്.

രാജ്യത്ത് നിന്നും ഒരു വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മൾ എല്ലാവരും ഒരുമിച്ചുനിന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. ജനസംഖ്യാ കണക്കെടുപ്പ് എന്നതിന്റെ അപ്പുറം ഒരു സെന്റിമീറ്റര്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.