ബിജെപി ബഹിഷ്കരണം; ദീപിക പദുകോണ്‍ സിനിമ നികുതി രഹിതമായി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി മധ്യപ്രദേശും ചത്തീസ്ഗഡും

single-img
9 January 2020

ബോളിവുഡ് താരം ദീപിക പദുകോണ്‍ നായികയായെത്തുന്ന ‘ചപ്പാക്ക് എന്ന സിനിമ ‘ മധ്യപ്രദേശിലും ചത്തീസ്ഗഡിലും നികുതി രഹിതമായി പ്രദര്‍ശിപ്പിക്കും. ഇത് സംബന്ധിച്ച് ചത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഔദ്യോഗികമായാണ് വിവരം പുറത്തുവിട്ടത്. മധ്യപ്രദേശിന്റെ മുഖ്യമന്ത്രി കമല്‍ നാഥ് തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ചരെക്കുറിച്ച് സമൂഹത്തിന് പോസിറ്റീവായ സന്ദേശം നല്‍കുന്ന സിനിമയാണ് ചപ്പാക്കെന്നും അദ്ദേഹം പറഞ്ഞു. കഥയ്ക്ക് ആസ്പദമായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല, ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പോരാട്ടങ്ങളും സ്ഥിരതയും ജീവിതത്തോടുള്ള സമരങ്ങളും കാണിച്ചു തരുന്ന സിനിമയാണ് ചപ്പാക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടുപിന്നാലെ തന്നെ ചത്തീസ്ഗഡും നികുതി രഹിതമായി സംസ്ഥാനത്ത് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന വാഗ്ദാനവുമായി രംഗത്തെത്തി.

ഈ ചിത്രത്തിലെ നായികയായ ദീപിക പദുകോണ്‍ ജെഎന്‍യു നടന്ന ആക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസിലെത്തിയ സംഭവത്തിനുശേഷം ചിത്രം ബഹിഷ്‌കരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.