മഹാരാഷ്ട്ര സര്‍ക്കാര്‍ 36 മന്ത്രിമാരെ ഉള്‍പ്പെടുത്തി സഭ വിപുലീകരിച്ചു; ഉപമുഖ്യമന്ത്രിയായി അജിത് പവാറിനിത് ഒരുമാസത്തിനിടെ രണ്ടാമത്തെ സത്യപ്രതിജ്ഞ

single-img
30 December 2019

മുംബൈ:മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍സിപിയില്‍ നിന്ന് 13 പേര്‍,ശിവസേനയില്‍ 12 പേര്‍,കോണ്‍ഗ്രസില്‍ 10 പേരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഉദ്ധവ് ഠാക്കറെയുടെ മകന്‍ ആദിത്യ ഠാക്കറെയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പം ആറ് കാബിനറ്റ് മന്ത്രിമാരായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

ഒരു മാസത്തെ ഇടവേളയില്‍ രണ്ട ്‌വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയും അജിത് പവാറിന് ഇതോടെ സ്വന്തമായിട്ടുണ്ട്. വിമതനീക്കങ്ങള്‍ നടത്തി മഹാവികാസ് അഘാഡി സഖ്യത്തിന് തിരിച്ചടി നല്‍കി ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ഫഡ്‌നാവിസിനൊപ്പം അദേഹം ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ആകെയുള്ള 36 മന്ത്രിമാരില്‍ 26 പേര്‍ക്ക് കാബിനറ്റ് റാങ്കുണ്ട്.