രമ്യാ ഹരിദാസ് പ്രസിഡന്‍റായിരുന്ന കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ എൽഡിഎഫ് പിടിച്ചെടുത്തു

single-img
28 December 2019

നിലവിലെ ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് ജയം. ഇവിടെ അഞ്ചാം ഡിവിഷനിലെ മെമ്പറായ സിപിഎം അംഗം പി സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു.

രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഡിഎഫ് ഭരിച്ചപ്പോൾ അവർക്കൊപ്പമുണ്ടായിരുന്ന ജെഡിയു നേതാവ് പി ശിവദാസൻ നായർ യുഡിഎഫ് വിട്ടതോടെ പ്രസിഡണ്ടായിരുന്ന വിജി മുപ്രമ്മലിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ്. ഇതിനെ രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുനിത മുമ്പ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ടായി അഞ്ചു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.