കർണാടകത്തിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവർക്ക് മമതാ ബാനർജിയുടെ ധനസഹായം; എതിർപ്പുമായി ബിജെപി

single-img
28 December 2019

മംഗളൂരുവില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഞ്ച് ലക്ഷം രൂപ കൈമാറിയതില്‍ കടുത്ത എതിര്‍പ്പുമായി കര്‍ണാടക ബിജെപി.

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പക്ഷെ പ്രതിഷേധക്കാരുടെ ഭാഗമായതിനാല്‍ തന്നെ അവര്‍ ആ തുക നിരസിച്ചു. ഈ സംഭവത്തില്‍ ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മമത സ്വീകരിച്ച നടപടി തെറ്റായ സൂചന നല്‍കുമെന്നും ബിജെപി കർണാടക യൂണിറ്റ് പ്രസിഡന്റും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറയുകയുണ്ടായി.

ഈ രീതിയിൽ നഷ്ടപരിഹാരം നല്‍കിക്കൊണ്ട്, മമത നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്താണ്? പശ്ചിമ ബംഗാളില്‍ 16 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ബംഗാൾ മുഖ്യമന്ത്രി കര്‍ണാടകയിലുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍പ് അവിടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കട്ടെ- അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ ബിജെപി എംപിയും കർണാടക യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ശോഭ കരന്ദ്ലജെയും മമതക്കെതിരെ രംഗത്തെത്തിയിരുന്നു.

”കര്‍ണാടകയില്‍ ഉണ്ടാകുന്ന കാര്യങ്ങളില്‍ ഇടപെടുകയെന്നതല്ല മമതയുടെ ജോലി. പശ്ചിമ ബംഗാളിൽ അക്രമത്തെത്തുടര്‍ന്ന് മരണമടഞ്ഞ നൂറുകണക്കിന് ഹിന്ദുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ തയ്യാറായിട്ടുണ്ടോ”-അദ്ദേഹം ചോദിച്ചു.