ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി വികാരപ്രകടനം കൊണ്ട് നേരിടാമെന്നു കരുതേണ്ട: പിണറായി വിജയന്‍

single-img
22 December 2019

രാജ്യത്ത് പദ്ധതികൾ നടപ്പാക്കുമ്പോൾ അതിൽ ജാതിയും മതവുമല്ല മാനദണ്ഡമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ‌രാജ്യത്തെ ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾ നൽകേണ്ടതിന് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്ന് അദ്ദേഹം കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നോട്ട് നിരോധിക്കുമ്പോൾ 50 ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല.

അന്ന് നടത്തിയ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. രാജ്യത്തെ ജനതയെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണയിക്കുമ്പോൾ ഒരു മതം എങ്ങിനെയാണ് അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.അതേപോലെ തന്നെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ റജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങൾ മൂടിവയ്ക്കുന്നത് എന്തിനെന്നു വ്യക്തമാക്കണം.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ജനങ്ങൾ നെഞ്ചേറ്റുമ്പോൾ ആ വികാരത്തെ കുറച്ചുകാണുകയോ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും പിണറായി പറഞ്ഞു.