പൗരത്വ ഭേദഗതി; കേരളം ഒറ്റക്കെട്ടാകണം, യുഡിഎഫ് സഹകരിക്കണമെന്ന് കാനം

single-img
19 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധങ്ങളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതില്‍ യുഡിഫ് സഹകരിക്കണമെന്നും കാനം പറഞ്ഞു.സമരങ്ങളുമായി സഹകരിക്കില്ലെന്ന് യുഡിഎഫ് നിലപാട് ശരിയല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് ഇനി തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശത്തിന് മറുപടി എന്നവണ്ണമാണ് കാനത്തിന്റെ പ്രസ്താവന.

എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷമാവുകയാണ്. കോണ്‍ഗ്രസിന്റെ വാദത്തെ തള്ളി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. സംയുക്ത സമരം ഇനിയുമാകാമെന്നാണ് ലീഗ് നിലപാടെന്നും പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്നാണ് സംയുക്തസമരത്തിലൂടെ വ്യക്തമാകുന്നതെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.