“മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കറെന്നല്ല”: തകർപ്പൻ പ്രസംഗവുമായി രാഹുൽ ഗാന്ധി ഭാരത് ബചാവോ റാലിയിൽ

single-img
14 December 2019

പൌരത്വ ഭേദഗതി ബില്ലടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാം ലീല മൈതാനിയിൽ നടത്തുന്ന ഭാരത് ബചാവോ റാലിയിൽ തകർപ്പൻ പ്രസംഗവുമായി രാഹുൽ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിന് മാപ്പ് പറയാൻ ആവശ്യപ്പെട്ട ബിജെപിയ്ക്കാണ് രാഹുൽ ഗാന്ധി തകർപ്പൻ മറുപടി നൽകിയത്.

“ഞാൻ ശരിയായ കാര്യം പറഞ്ഞതിന് മാപ്പ്പറയണമെന്ന് ഇന്നലെ പാർലമെന്റിൽ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കറെന്നല്ല, രാഹുൽ ഗാന്ധിയെന്നാണ്. സത്യം പറഞ്ഞതിന്റെ പേരിൽ ഞാനൊരിക്കലും മാപ്പ് പറയുകയില്ല.”

രാഹുൽ ഗാന്ധി പറഞ്ഞു.

താൻ എന്നല്ല കോൺഗ്രസിൽ നിന്നാരും മാപ്പ് പറയുകയില്ലെന്നും മാപ്പ് പറയേണ്ടത് നരേന്ദ്ര മോദിയും അമിത് ഷായുമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഝാർഖണ്ഡിലെ ഒരു റാലിയിൽ പ്രസംഗത്തിനിടെ ബിജെപി സർക്കാരിന്റെ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പരിഹാസ്യമായി ‘റേപ്പ് ഇൻ ഇന്ത്യ’ എന്ന് രാഹുൽ പരാമർശിച്ചിരുന്നു.

“ നരേന്ദ്ര മോദി പറഞ്ഞത് മെയ്ക് ഇൻ ഇന്ത്യ എന്നായിരുന്നു. എന്നാലിപ്പോൾ എവിടെ നോക്കിയാലും ‘റേപ്പ് ഇൻ ഇന്ത്യ’ ആണ്. ഉത്തർപ്രദേശിൽ മോദിയുടെ എംഎൽഎ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു, പിന്നീടവർക്ക് ഒരു അപകടവുമുണ്ടായി. പക്ഷേ മോദി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.”

എന്നായിരുന്നു രാഹുലിന്റെ പരാമർശം.

ഇതിനെതിരെ പാർലമെന്റിൽ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി എത്തുകയും ചെയ്തു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം.