ബിപിസിഎൽ: എട്ടുലക്ഷം കോടിയുടെ ആസ്തി അറുപതിനായിരം കോടി രൂപയ്ക്ക് വിൽക്കുന്നവർ ദേശസ്നേഹികളല്ല: രാഹുൽ ഗാന്ധി

single-img
7 December 2019

ലാഭത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ ബോധപൂർവ്വമായി നശിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കൊച്ചിയിലെ അമ്പലമുകൾ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലില്‍ ബിപിസിഎൽ കമ്പനിയുടെ സ്വകാര്യ വത്കരണത്തിനെതിരെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

എട്ടുലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ബിബിസിഎൽ എന്ന സ്ഥാപനം കേവലം അറുപതിനായിരം കോടി രൂപയ്ക്ക് വിൽക്കുന്നവർ ദേശസ്നേഹികളല്ലെന്ന് രാഹുല്‍ പറഞ്ഞു. പഴയ കാലത്തിൽ മഹാരാജാക്കന്മാരാണ് ഇന്ത്യയെ വിറ്റതെങ്കിൽ ഇന്ന് അത് ചെയ്യുന്നത് പ്രധാനമന്ത്രി മോദിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിലനിര്‍ത്തുന്നത് ആരുടെ പണമാണോ പണം നൽകുന്ന ആ യജമാനന്മാരെ അദ്ദേഹം സംരക്ഷിക്കുകയാണ്. കേന്ദ്രസർക്കാർ അവർക്കു വേണ്ടിയാണ് ബിപിസിഎൽ വിൽക്കുന്നതെന്നും രാഹുല്‍ വിമർശിച്ചു.

ലാഭത്തിൽ പ്രവർത്തിക്കുന്നതും നിലവിൽ പന്ത്രണ്ടായിരത്തിലധികം ജീവനക്കാരുള്ള ബിപിസിഎൽ പൂർണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം. ഇതോടൊപ്പം തന്നെ മാനേജ്മെന്‍റ് നിയന്ത്രണവും കൈമാറും. എന്നാൽ അസമിലുള്ള നുമാലിഗഡ് റിഫൈനറി മാത്രം സർക്കാരിന്‍റെ കീഴിൽ നിലനിർത്തും.