കോടതിയിലെ പ്യൂണിന്റെ മകള്‍ കഠിനാധ്വാനത്തിലൂടെ എത്തിയത് ജഡ്ജിയുടെ കസേരയില്‍
ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഏത് ഉയരവും കീഴടക്കാമെന്ന് തെളിയിച്ചവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഇനി ബിഹാര്‍ സ്വദേശി അര്‍ച്ചനയും ഉണ്ടാകും. കോടതിയിലെ പ്യൂണിന്റെ മകളായ അര്‍ച്ചന തന്റെ പരിശ്രമം കൊണ്ട് എത്തിച്ചേര്‍ന്നത് ജഡ്ജിയുടെ കസേരയിലാണ്.
ബിഹാറിലെ കന്‍കര്‍ബാഗിലാണ് അര്‍ച്ചന ജനിച്ചത്. സോനെപൂര്‍ കോടതിയിലെ പ്യൂണായിരുന്നു പിതാവ്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം മറികടന്ന് അര്‍ച്ചന ബിഹാര്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയിരിക്കുകയാണ്. രാണ്ടാം ശ്രമത്തിലാണ് അര്‍ച്ചന വിജയം കണ്ടത്.
അച്ഛന്‍ ജഡ്ജിമാരെ സേവിക്കുന്നതുകണ്ടാണ് താന്‍ കുട്ടിക്കാലം ചെലവഴിച്ചത്. അന്നേ തീരുമാനമെടുത്തിരുന്നു ജഡ്ജിയാകുമെന്ന് അര്‍ച്ചന പറയുന്നു.വിജയം ആഘോഷിക്കാന്‍ അച്ഛന്‍ ഗൗരിനന്ദന്‍ കൂടെയില്ലെന്ന വിഷമം മാത്രമാണുള്ളതെന്ന് അര്‍ച്ചന പറഞ്ഞു.
പാറ്റ്‌നയൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അര്‍ച്ചന പഠനം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് രാജീവ് രഞ്ജന്‍ പാറ്റന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലാര്‍ക്കാണ്. വിവാഹ ശേഷം ഭാര്യയുടെ ആഗ്രഹം സാങിക്കാന്‍ എല്ലാ പിന്തുണയും രാജീവ് നല്‍കി. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് അര്‍ച്ചന.