പോക്‌സോബോധവത്കരണം; ലോക്‌നാഥ് ബെഹ്‌റയുള്ള വേദിയില്‍ മൈക്ക് പിടിച്ചുവാങ്ങി പ്രതിയുടെ പരസ്യവിമര്‍ശനം

single-img
29 November 2019

തൃശൂര്‍: കുട്ടികള്‍ക്കെതിരായ പോക്‌സോ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധവത്കരണ പരിപാടിക്കിടെ നാടകീയ സംഭവങ്ങള്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള പൊലീസ് സേനയിലെ ഉന്നതര്‍ വേദിയിലിരിക്കെ പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പ്രതി വേദിയിലെ മൈക്ക് പിടിച്ചെടുത്ത് പരസ്യവിമര്‍ശനം നടത്തി. ബോധവത്കരണ പരിപാടിയുടെ ഭാഗമായി സദസ്സിലുള്ളവരുടെ പ്രതികരണം തേടുന്നതിനിടെയാണ് സംഭവം.

‘എനിക്ക് നിങ്ങളോട് ചിലതൊക്കെ പറയാനുണ്ട്. ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ല. 62 ദിവസം ജിയില്‍ ശിക്ഷ കഴിഞ്ഞെത്തിയ ആളാണ് ഞാന്‍.ഇങ്ങിനെയൊരു പരിപാടി സംബന്ധിച്ച് ഫേസ്ബുക്ക് വഴിയാണ് അറിഞ്ഞത്’ ജോമറ്റ് ജോസഫ് മൈക്ക് പിടിച്ചുവാങ്ങി പരസ്യമായി വിമര്‍ശിച്ചു തുടങ്ങി. എന്നാല്‍ പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്ര പ്രതിയില്‍ നിന്ന് മൈക്ക് തിരികെ വാങ്ങി. വീണ്ടും തനിക്ക് ചിലത് പറയാനുണ്ടെന്ന് ഉച്ഛത്തില്‍ വിളിച്ചുപറയവേ എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന് കമ്മീഷണര്‍ മറുപടി നല്‍കികൊണ്ട് ഇയാളെ പുറത്തേക്ക് കൊണ്ടുപോയി.

ജോമറ്റിനെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ കുറ്റവിമുക്തനായതായും പ്രതി പറഞ്ഞു. അതേസമയം ഇയാള്‍ കുറ്റവിമുക്തനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.