ബത്തേരി സ്‌കൂളിലെ വിദ്യാർഥിനി നിദാ ഫാത്തിമയ്ക്കായി എംഎസ്എഫ് വീട് നിര്‍മിക്കും

single-img
24 November 2019

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥ വെളിപ്പെടുത്തി ജനശ്രദ്ധനേടിയ നിദാ ഫാത്തിമയ്ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് എംഎസ്എഫ് ഹരിത.

തന്റെ സഹപാഠിയായിരുന്ന ഷഹല ഷെറിന്റെ മരണത്തില്‍ നീതിക്ക് വേണ്ടി ഈ കൊച്ചുമിടുക്കിയാണ് ശബ്ദമുയര്‍ത്തിയത്. സ്‌കൂളില്‍ നടന്ന സംഭവങ്ങളും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിദയ്‌ക്കൊപ്പം അണിചേര്‍ന്നിരുന്നു.

ഈ മിടുക്കിക്കായി വീട് നിര്‍മിച്ച് നല്‍കുമെന്ന് ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തസ്‌നിയാണ് അറിയിച്ചത്. ഇവര്‍ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിദാ ഫാത്തിമയുടെ വീട് നിര്‍മാണം ഹരിത സംസ്ഥാന കമ്മറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

കൂട്ടുകാരി ചികിത്സ ലഭിക്കാതെ മരിച്ചപ്പോള്‍ ആരെയും ഭയപ്പെടാതെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ ഈ മിടുക്കിക്കുട്ടിയെ അഭിനന്ദിച്ച് നിരവധി പ്രമുഖരും രംഗത്തെത്തി.