‘അധികാര കസേരയില്‍ കുറച്ച് ഫെവികോള്‍ തേച്ച് കയറിയിരിക്കൂ ബിജെപി’ പരിഹാസവുമായി ഉദ്ധവ് ഠാക്കറെ

single-img
23 November 2019


മഹാരാഷ്ട്രയില്‍ ബിജെപിയുടെ നാടകീയ സര്‍ക്കാര്‍ രൂപീകരണത്തെ കണക്കിന് പരിഹസിച്ച് ശിവസേന മേധാവി ഉദ്ധവ് ഠാക്കറെ. ബിജെപിക്കാര്‍ ആത്മരതിക്കാരാണ്. ബിജെപി അധികാരത്തിന്റെ കസേരയില്‍ കുറച്ച് ഫെവിക്കോള്‍ തേച്ച് അവിടെ കയറി ഇരിക്കുന്നതാണ് നല്ലതെന്നും ഉദ്ധവ് ഠാക്കറെ പരിഹസിച്ചു.

എന്‍സിപി നേതാവ് അജിത് പവാറിന്റെ നീക്കം ഭരണഘടനയെയും ജനവിധിയെയും അവഹേളിക്കുന്നവിധത്തിലാണ്. ജനാധിപത്യത്തിന്റെ പേരിലുള്ളകുട്ടിക്കളി കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ട കാര്യമില്ല. മഹാരാഷ്ട്രയില്‍ നടക്കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. അച്ചടക്ക നടപടിയെ കുറിച്ച് തങ്ങള്‍ നിലപാടെടുക്കുമെന്നും ഉദ്ധവ് ഠാക്കറെ വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക് എതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍.മഹാരാഷ്ട്ര വിഷയത്തില്‍ ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശത്തോടുകൂടിയുള്ളതുമാണ്. റിട്ട് ഹര്‍ജി ഉടന്‍ പരിഗണിക്കണെന്നും കക്ഷികള്‍ ആവശ്യപ്പെട്ടു.
ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വിട്ട ഒന്‍പത് എന്‍സിപി എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി എന്‍സിപിയിലേക്ക് ഇന്ന് തിരികെയെത്തി.എന്‍സിപിയുടെ വിമത എംഎല്‍എമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബന്‍സോഡെയുമാണ് ഇന്ന് മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തിനെത്തിയത്. ഡല്‍ഹിയിലേക്ക് പോകുന്നവരുടെ ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും ഇരുവരും പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.