ശിവസേനയെ പിന്തിരിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം; മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ താമര കോണ്‍ഗ്രസ് തടയുമെന്ന് പൃഥ്വിരാജ് ചവാന്‍

single-img
13 November 2019

രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം രാഷ്ട്രപതി ഭരണത്തിലേക്ക് കടന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര തടയാന്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍. സര്‍ക്കാര്‍ രൂപീകരിക്കാനായി കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യം ചേരുന്നതില്‍ നിന്നും ശിവസേനയെ ബിജെപി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പൃഥ്വിരാജ് ചവാന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിനായി ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമങ്ങള്‍ നടത്തുമെന്ന് നാരായണ്‍ റാണെ പറഞ്ഞതിന് പിന്നാലെയാണ് പൃഥ്വിരാജ് ചവാന്റെ പ്രതികരണം.
നിലവില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കിലുള്ള പൊതുമിനിമം പരിപാടിയെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.