പ്രധാനമന്ത്രി ഫസൽ ഭീമ യോജന നഷ്ടം; പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറുന്നു

single-img
12 November 2019

നരേന്ദ്ര മോദി സര്‍ക്കാര്‍ കർഷകർക്കായി കൊണ്ടുവന്ന വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിലെ പുതിയ നിബന്ധനകൾ ലാഭകരമല്ലെന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ. നിലവില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ നാല് പ്രമുഖ ഇൻഷുറൻസ് കമ്പനികളായ ഐസിഐസിഐ ലംബാർഡ്, ടാറ്റ എഐജി, ചോളമണ്ഡലം എംഎസ്, ശ്രീറാം ജനറൽ ഇൻഷുറൻസ് എന്നിവ പിന്മാറി. 2019-20 ലെ സാമ്പത്തിക വർഷത്തെ ഖാരിഫ്, റാബി സീസണുകളിലേക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് ഈ കമ്പനികളുടെ പിന്മാറ്റം.

പിന്മാറിയ കമ്പനികള്‍ പദ്ധതിയില്‍ പങ്കാളികളായ സംസ്ഥാനങ്ങളിൽ നഷ്ടപരിഹാര നിരക്ക് വർദ്ധിപ്പിച്ചതാണ്
തീരുമാനത്തിന്റെ കാരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശ്, ഹരിയാന, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലുമള്ള കർഷകർക്കാണ് കമ്പനികളുടെ നടപടി തിരിച്ചടിയാവുക. മണ്‍സൂണിലെ മഴ ശക്തമായതിനെ തുടർന്ന് മഹാരാഷ്ട്രയിലും കർണാടകയിലും കനത്ത വിളനാശം ഉണ്ടായിരുന്നു.

ഇതിന്റെ ഫലമായി കര്‍ഷകര്‍ക്ക് നൽകേണ്ട നഷ്ടപരിഹാരം വർദ്ധിക്കുമെന്ന് കൂടി വ്യക്തമായപ്പോഴാണ് കമ്പനികള്‍ പിന്മാറുന്നത്. പദ്ധതി പ്രകാരം പ്രീമിയത്തിന്റെ അഞ്ചിലൊന്നാണ് കർഷകൻ അടയ്‌ക്കേണ്ടത്. ബാക്കിയുള്ള തുക 50:50 അനുപാതത്തിലാണ് കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും പങ്കുവയ്ക്കുന്നത്.