മാവോയിസ്റ്റ് വേട്ട; കേരളാ സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും: ജസ്റ്റിസ് കെമാല്‍ പാഷ

single-img
6 November 2019

കേരളത്തിൽ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേരളാ സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു.

മാവോയിസ്റ്റുകളെ നേരിടാനെന്ന പേരിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട 580 കോടി ലഭിക്കാനാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. പോലീസ് വിചാരിച്ചാൽ ആർക്കെതിരെ വേണമെങ്കിലും യുഎപിയെ ചുമത്താവുന്ന അവസ്ഥയാണ്.

കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ മജിസ്റ്റീരിയൽ അന്വേഷത്തിന് മുൻപായി ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞത് ശരിയായില്ല. ഇനി എങ്ങിനെയായിരിക്കും ഈ കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടക്കുക.- അദ്ദേഹം ചോദിച്ചു. യുഎപിഎ എന്ന നിയമം രാജ്യദ്രോഹികള്‍ക്കെതിരെ ചുമത്തുന്ന ഗൗരവകരമായ വകുപ്പാണ് അല്ലാതെ അത് ആര്‍ക്കെങ്കിലും എടുത്ത് ചുമ്മാ ചുമത്താനുള്ളതല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ കണ്ണടച്ചിരിക്കുന്നത് ഒരുപ്രസ്ഥാനത്തിനും ഭൂഷണമല്ല. ഭയന്നുകൊണ്ട് ഇരിക്കാന്‍ പാടില്ല. അത്തരത്തിൽ ചെയ്‌താൽ നാളെ നമ്മുടേയും ഗതി ഇതാകും. അതേസമയം മാവോയിസ്റ്റ് ആശയം മനസില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കെമാല്‍ പാഷ അതു പ്രചരിപ്പിക്കാന്‍ പാടില്ല എന്നത് സത്യമാണെന്നും ചൂണ്ടിക്കാട്ടി.