മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തുടർച്ച; നെതർലൻ‍ഡ് രാജാവും രാജ്ഞിയും കേരളത്തിൽ എത്തി

single-img
17 October 2019

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായി നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ഉൾപ്പെടെയുള്ള ഉന്നത തല സംഘം കേരളത്തിൽ എത്തി. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കേരള സന്ദർശനത്തിനായി കൊച്ചിയിലാണ് സംഘം എത്തിയത്. കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. ഇതിനെ തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും.

ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രത്യേക വിമാനത്തിലാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ രാജാവും സംഘവും എത്തിയത്. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ ചേർന്ന് ഇരുവരേയും സ്വീകരിച്ചു. തനത് കേരളീയ ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്.

സ്വീകരണ ശേഷം റോഡ്മാർഗം മട്ടാഞ്ചേരിയിലെത്തിയ രാജാവും സംഘവും ഡച്ച് കൊട്ടാരം സന്ദർശിച്ചു.പുരാതന കാല വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു.സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ ജെ രജികുമാർ, നെതർലൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി ജി മറെൻസ് ഏൻഗൽഹഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

മുഖ്യമന്ത്രിയുടെ നെതർലാൻഡ് സന്ദര്‍ശനവേളയിൽ കേരളത്തിന്‍റെ പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു. നാളെ ആലപ്പുഴയിൽ എത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര നടത്തും. അവിടെ നിന്നും തിരികെ കൊച്ചിയിൽ എത്തി ഡച്ച് മാധ്യമങ്ങളെയും കാണും. തുടർന്ന് വൈകിട്ട് ഏഴരക്ക് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.