തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍; തീരുമാനവുമായി ഛത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍

single-img
16 October 2019

രാജ്യമാകെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതിനിടെ പുതിയ നീക്കവുമായി ഛത്തീസ്ഗഡിലെ ഭൂപേഷ് സിംഗ് ഭാഗല്‍ സര്‍ക്കാര്‍. സംസ്ഥാനമാകെ ഡിസംബറില്‍ നടക്കുന്ന ഛത്തീസ്ഗഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇവിടെ സര്‍ക്കാര്‍ നടത്തുന്നത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

പക്ഷെ ഒരിക്കലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും പൂര്‍ണ സുരക്ഷയാണുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം.കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഒരു സബ് കമ്മിറ്റിയെ ഛത്തീസ്ഗഡ് മന്ത്രിസഭ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രത്യേകിച്ച മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി ശിവ് ഡാറിയ അറിയിച്ചു.

സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ഭാഗല്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ അംഗീകാരത്തിനായി ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെങ്കില്‍ മുന്‍സിപ്പാലിറ്റി ഇലക്ഷന്‍സ് ആക്ടില്‍ ഭേദഗതി വരുത്തണം. ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് അനുമതിക്കായി സബ് കമ്മിറ്റി മന്ത്രിസഭയെ സമീപിച്ചിരിക്കുന്നത്.

തീരുമാനം നടപ്പായാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറും. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള നീക്കത്തെ ഗൂഢാലോചന എന്നാണ് ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ് വിശേഷിപ്പിച്ചത്.