അമിത് ഷായ്ക്കെതിരെ പരാമര്‍ശം;രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും
ഗുജറാത്ത്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും. ബിജെപി നേതാവ് പ്രഭാത് ജാ നല്കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഹാജരാകുന്നത്. അമിത് ഷായെ കൊലക്കേസിലെ കുറ്റാരോപിതന് എന്ന് വിളിച്ചതിനെതിരായാണ് കേസ്.
അമിത് ഷാ ഡയറക്ടര്‍ ആയിരുന്ന അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നോട്ട് നിരോധന സമയത്തു വന്‍ അഴിമതി നടന്നെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരായ മാനനഷ്ടക്കേസും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപേക്ഷയും ഇതോടൊപ്പം കോടതി പരിഗണിക്കും.
എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് വന്നത് എങ്ങനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു കേസില്‍ രാഹുല്‍ ഗാന്ധിയുടെ വാദം.