ജ്വാക്വിൻ ഫീനിക്സ് ഒരു സിനിമ ചെയ്തില്ലെങ്കിലും പ്രശ്നമില്ല; ആർതർ ഫ്ലെക്ക് എന്ന കഥാപാത്രം പരിപൂർണമാണ്: ജോക്കർ റിവ്യൂ


ആനന്ദ് മന്മഥൻ
ജ്വാക്വിൻ ഫീനിക്സ് ഒരു സിനിമ ചെയ്തില്ലെങ്കിലും പ്രശ്നമില്ല, ആർതർ ഫ്ലെക്ക് എന്ന കഥാപാത്രം പരിപൂർണമാണ്. (ആലങ്കാരികമായി പറഞ്ഞെന്നേ ഉള്ളു. പുള്ളി ഇനിയും മരിക്കുംവരെ സിനിമകൾ ചെയ്യണം.) കൂടുതൽ എന്ത് പറയണം എന്നറിയില്ല. സിനിമ കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുമ്പോഴും ആ കഥാപാത്രത്തെ പറ്റി ആലോചിക്കുമ്പോൾ ഒക്കെ വെറുതേ കണ്ണു നിറഞ്ഞു. ഏതൊരു നടനും സ്വപ്നം കാണുന്ന ആ റോൾ ഓർത്തപ്പോൾ രോമാഞ്ചവും വന്നു.
ഇനിയിപ്പോ ഹീത് ലെഡ്ജർ ആണോ ഫീനിക്സ് ആണോ എന്നുള്ള താരതമ്യത്തിനൊന്നും പ്രസക്തിയില്ല. രണ്ടും പെർഫക്ട് ആണ്. ഈ സിനിമയ്ക്ക് വേണ്ടത് ഫീനിക്സിന്റെ ജോക്കറിനെ ആണ്.
നല്ല സീരീസുകളിൽ എല്ലാം കാണാൻ കഴിയുന്ന ഒന്നുണ്ട്- ക്യാരക്ടർ ആർക് (character arc). ഉദാഹരണമായി ബ്രേക്കിങ് ബാഡിലെ വാൾട്ടർ വൈറ്റിന്റെ കഥാപാത്രമെടുക്കാം. അഞ്ചു സീസണുകളിൽ നമ്മുക്ക് പുള്ളിയോട് സഹതാപം തോന്നും, ദേഷ്യം തോന്നും, വീണ്ടും സഹതപിക്കും. ആ കഥാപാത്രം അഞ്ചു സീസൺ കൊണ്ടു അത്രയും വികസിക്കുന്നുണ്ട്. അഞ്ചു സീസൺ എന്ന വലിയ സമയം കൊണ്ട് പിന്നണിയിലുള്ളവർക്ക് അതിനു കഴിയുമായിരിക്കും. പക്ഷെ അത് ഒരു രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കൊണ്ടുവരികയെന്നുള്ളത് ഭഗീരഥപ്രയത്നമാണ്. അതിന് ഏറ്റവും അത്യാവശ്യമായ ഏറ്റവും പ്രധാന ഘടകം തിരക്കഥ തന്നെയാണ്. പഴുതുകളടച്ച, ഒഴുക്കുള്ള, വല്ലപ്പോഴും മാത്രം സംഭവിക്കുന്ന എപിക് എന്ന് പറയാവുന്ന തിരക്കഥ.
ഒരു തരത്തിൽ നോക്കിയാൽ മാർട്ടിൻ സ്കോഴ്സെസെയുടെ ടാക്സി ഡ്രൈവറിന്റെ വല്ലാത്തൊരു സ്വാധീനം ഈ സിനിമയ്ക്കുണ്ട്. അത്തരത്തിൽ ടാക്സി ഡ്രൈവറിന് ഒരു ഹോമേജ് ആണ് ഈ സിനിമ. ചില സീനുകളും, ഡയലോഗുകളും മറ്റ് പല ക്ലാസ്സിക് സിനിമകൾക്കും ഉള്ള ഒരു സമർപ്പണം കൂടിയാണ്. ജാക്ക് നിക്കോൾസണിന്റെ ജോക്കർ ചിരി, ഹീത് ലെഡ്ജറിനുള്ള സമർപ്പണമാണ്.
ജോക്കർ എന്ന കഥാപാത്രത്തിലേയ്ക്ക് വരുമ്പോൾ വയലൻസ്/ഗോർ സീക്വൻസുകൾ പറയാതെ പോകാൻ കഴിയില്ല. സംവിധായകൻ അതിനെ ഒരിക്കലും മഹത്വവൽക്കരിച്ചിട്ടില്ല. പക്ഷെ ചില സീനുകൾക്ക് തീയറ്ററിൽ കിട്ടിയ കൈയ്യടി അത് വല്ലാതെ അലോസരപ്പെടുത്തി. സിനിമ സിനിമയായിത്തന്നെ കാണാനുള്ള പക്വതയുള്ള ആസ്വാദനനരീതി നമ്മൾ കൈവരിക്കേണ്ടത് ആവശ്യമാണ്. കൈയ്യടി ആ സീനിന് മാത്രമാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലെങ്കിൽ വല്ലാത്തൊരു മാനസികാവസ്ഥ പേറുന്നവരായിരിക്കും ആ കൈയ്യടിച്ചവർ.
ഓരോ ഫ്രെയിമും സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കാൻ തോന്നും. മുട്ടായി പോലെ ആസ്വദിക്കാൻ കഴിയുന്ന ഫ്രെയിമുകൾ. കഥാപാത്രത്തിന്റെ വികാരങ്ങൾ സംവദിക്കുന്നതിൽ ഷോട്ടുകൾ, ആംഗിളുകൾ ഒക്കെ നൽകിയ സംഭാവന ചെറുതല്ല. ഈ സിനിമയിൽ നമ്മോട് സംവദിക്കുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് ഇതിലെ ഛായാഗ്രഹണം. ചില നോട്ടങ്ങൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നതിന് കാരണം നമ്മെ ആ സീനിൽ കൊണ്ടുനിർത്താൻ ഛായാഗ്രാഹകന് കഴിയുന്നതുകൊണ്ടാണ്. നമ്മുടെ കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ എന്ന ഫീൽ കൊണ്ടുവന്നത് ലോറൻസ് ഷേറിന്റെ സിനിമാട്ടോഗ്രഫിയും സിനിമയിലെ മനോഹരമായ ശബ്ദലേഖനവുമാണ്. തെരുവുകളിലെ സീനുകൾ ഒക്കെ വല്ലാത്തൊരു ഫീലായിരുന്നു.
ഹാംഗോവർ ട്രിലജി, റോഡ് ട്രിപ്പ്, ഡ്യൂ ഡേറ്റ് തുടങ്ങിയ ‘ബ്രോ ഹ്യൂമർ’ പടങ്ങൾ മാത്രം ചെയ്ത റ്റോഡ് ഫിലിപ്സ് ‘വോക് കൾചറിലുള്ള (woke culture) ‘ മടുപ്പ് കാരണമാണ് കോമഡി ജോണർ തന്നെ വിട്ട് ജോക്കർ പോലെ ഒരു സിനിമ എടുക്കാനുള്ള പ്രധാന കാരണം. അതെന്തായാലും നന്നായി പറയുന്ന വിഷയത്തിന് മുകളിൽ അത്രയേറെ വ്യക്തതയുള്ള ഒരു സംവിധായകനാണ് അദ്ദേഹം. പുള്ളിയിൽ നിന്ന് ഇനിയും ഇതുപോലുള്ള സിനിമകൾ വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
എങ്ങനെ നോക്കിയാലും ഒരു ക്ലാസ്സിക്കാണ് ഈ സിനിമ. ശരിക്കും ഒരു മാസ്റ്റർ പീസ്.