പ്രകോപനം വച്ചുപൊറുപ്പിപ്പിക്കില്ല, സര്‍വ്വനാശമായിരിക്കും ഫലം: അമേരിക്കയ്ക്ക് ഇറാന്റെ താക്കീത്

single-img
22 September 2019

ടെഹ്റാന്‍: ഇറാനു നേരെയുണ്ടാകുന്ന ചെറിയൊരു പ്രകോപനം പോലും വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കക്ക് ഇറാന്റെ താക്കീത്. ഇറാന്റെ ഔദ്യോഗിക സേനയായ റവല്യൂഷനറി ഗാര്‍ഡ്സ് തലവന്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയാണ് ഔദ്യോഗിക ചാനലിലുടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സൗദിയിലെ എണ്ണ സംസ്‌കരണശാലയായ അരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ യുഎസ് സൈനികരെ സൗദിയിലേക്ക് എത്തിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാനു നേരെയുണ്ടാകുന്ന ഏതു പ്രകോപനവും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ തകര്‍ക്കും. അതിനാല്‍ കരുതലോടെ വേണം ഇറാനെതിരെയുള്ള നീക്കങ്ങള്‍. ചെറിയൊരു പ്രകോപനം പോലും ഞങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ആരായാലും അവരുടെ സര്‍വനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യമെന്ന് ഹുസൈന്‍ സലാമി പറഞ്ഞു.

സൗദിയിലെ അരാംകോയ്ക്കു നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും പിന്നില്‍ ഇറാന്‍ ആണെന്നാണ് യുഎസ് ആവര്‍ത്തിക്കുന്നത്. അക്രമണത്തെ യമന്‍ ജനതയുടെ പ്രതികരണമായി കണ്ടാല്‍ മതിയെന്നും റൂഹാനി പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് വ്യോമ പ്രതിരോധ ശക്തമാക്കാനായി സൗദിയും യുഎഇയും ആവശ്യപ്പെട്ടതനുസരിച്ച് യുഎസ് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്.

അതേസമയം ഇറാന്റെ ചില പ്രധാന പെട്രോളിയം കമ്പനികള്‍ക്കു നേരെ സൈബര്‍ ആക്രമണം നടന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണമുണ്ടായതായി ഇറാന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നാല് മണിക്കൂറോളം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സര്‍വ്വീസ് നിലച്ച അവസ്ഥയുണ്ടായതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.