കാശ്മീർ ജനത 40 വര്‍ഷത്തോളം വലിയ യാതനകള്‍ സഹിച്ചവർ; അവരെ ഒപ്പം നിര്‍ത്തി പുതിയ കാശ്മീർ കെട്ടിപ്പടുക്കണം: പ്രധാനമന്ത്രി

single-img
19 September 2019

ജമ്മു കാശ്മീരിലെ ജനത 40 വര്‍ഷത്തോളം വലിയ യാതനകള്‍ സഹിച്ചവരാണെന്നും ഇനി അവരെ ഒപ്പം നിര്‍ത്തി പുതിയ കാശ്മീരിനെ കെട്ടിപ്പടുക്കണമെന്നുമുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് നടത്തിയ മഹാജന്‍ദേഷ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ദശാബ്ദങ്ങളായി ദുരിതങ്ങള്‍ അനുഭവിക്കുന്ന കാശ്മീരികളുടെ മുറിവില്‍ മരുന്നുപുരട്ടേണ്ടതാണെന്നും പുതിയ കാശ്മീരിനെ കെട്ടിപ്പടുക്കുന്നത് രാജ്യത്തെ ബാക്കിയുള്ള ജനങ്ങളുടെ ഉത്തരവാദിത്വം ആണെന്നും മോദി പറഞ്ഞു.

താൻ പറഞ്ഞ ലക്ഷ്യത്തിനായി നിങ്ങള്‍ മുന്നോട്ട് വരുമോ എന്നാണ് പിന്നീട് മോദി ജനങ്ങളോട് ചോദിച്ചത്. ഈ ചോദ്യത്തിനോട് ജനങ്ങള്‍ വലിയ ആര്‍പ്പുവിളികളാണ് മറുപടിയായി നല്‍കിയത്. ജനങ്ങളോടുള്ള അഭിസംബോധനയിൽ കോണ്‍ഗ്രസ് പാര്‍ട്ടിയെയും എന്‍സിപി നേതാവ് ശരത് പവാറിനെയും മോദി വിമര്‍ശിച്ചു. അവരൊക്കെ എന്തിനാണ് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ലോകത്തിനുമുന്നില്‍ ഇന്ത്യയെ അപമാനിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നാണ് മോദി ചോദിച്ചത്.

‘ കോണ്‍ഗ്രസ് പാർട്ടിയുടെ സന്ദേഹം എനിക്ക് മനസ്സിലാവും എന്നാലും എന്തിനാണ് മുതിര്‍ന്ന നേതാവായ ശരത്പവാറിനെപോലുള്ളവര്‍ പാകിസ്താനെ അനുകൂലിക്കുന്നത്? നമ്മുടെ രാജ്യത്തെ എല്ലാവര്‍ക്കും ഒപ്പം ലോകത്തിനും അറിയാം എവിടെയാണ് തീവ്രവാദ ഫാക്ടറികള്‍ നിലകൊള്ളുന്നതെന്ന്. ‘ മോദി പറഞ്ഞു.