എസ് ഡി പി ഐയുടെ വോട്ടില്‍ ജയിക്കണ്ട; തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും ഈരാറ്റുപേട്ട ചെയര്‍പേഴ്സണ്‍ സ്ഥാനം ഇടത് മുന്നണി രാജി വെച്ചു
ഈരാറ്റുപേട്ട നഗരസഭയിൽ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജിവെച്ചു. എസ് ഡി പി ഐ അംഗങ്ങൾ ചെയ്ത വോട്ട് കൊണ്ട് ജയിച്ചതിനാലാണ് രാജി. ഇടത് മുന്നണിയുടെ ലൈലാ പരീത് ആണ് വിജയിച്ചശേഷം രാജി സമര്‍പ്പിച്ചത്.
ഇടത് മുന്നണിയുടെ 10 വോട്ടും എസ് ഡി പി ഐയുടെ നാല് അംഗങ്ങളുടെ പിന്തുണയിലുമാണ് ലൈല വിജയിച്ചത്. പ്രതിപക്ഷത്തെ യുഡിഎഫിന് 12 വോട്ടുണ്ട്. പിസി ജോർജിന്റെ ജനപക്ഷത്തിന് രണ്ടംഗങ്ങളുണ്ടെങ്കിലും ഇവര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
എസ് ഡി പി ഐ നൽകുന്ന പിന്തുണയില്‍ ഭരണം വേണ്ട എന്ന പാര്‍ട്ടി തീരുമാനപ്രകാരം സത്യപ്രതിജ്ഞക്ക് ശേഷം ലൈലാ പരീത് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്കി. ലൈല പരീതിനോട് യുഡിഎഫിലെ വി എം സിറാജാണ് പരാജയപ്പെട്ടത്. മുൻപ് യുഡിഎഫ് പിന്തുണയില്‍ ചെയര്‍മാനായിരുന്ന വിഎം കബീറിനെതിരെ യുഡിഎഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.