സുപ്രീംകോടതി ഉത്തരവ്; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി

single-img
8 September 2019

മരട് നഗരസഭയില്‍ സ്ഥിതിചെയ്യുന്ന സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. സുപ്രീംകോടതിപുറപ്പെടുവിച്ച ഉത്തരവ് അടിയന്തമായി നടപ്പാക്കണം എന്ന ആവശ്യവുമായ ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും സര്‍ക്കാര്‍ കത്ത് നല്‍കി. ഇതോടൊപ്പം, ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇവരെ പുനരധിവസിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കേടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ സെപ്റ്റംബര്‍ 20ന് മുമ്പ് പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്. തുടർന്ന് ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതിയുടെ നിർദ്ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ജയിലിലടക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്.

അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ ജൂലായില്‍ തള്ളിയിരുന്നു. കഴിഞ്ഞ മേയ് എട്ടിനാണ് ഫ്ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. പക്ഷെ സംസ്ഥാനംവിധി പാലിച്ചിട്ടില്ലെന്ന് കാണിച്ച റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിരുന്നു. മരടിലെ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവിലെ മരട് മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. പിന്നീട് മരട് നഗരസഭയുടെ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.