തൃപ്പൂണിത്തുറയില്‍ ബിജെപി കൌണ്‍സിലര്‍ക്ക് മര്‍ദ്ദനം; 2 ആര്‍എസ് എസുകാര്‍ക്കെതിരെ കേസെടുത്തു

single-img
5 September 2019

ബിജെപി തൃപ്പൂണിത്തുറ നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ വി ആർ വിജയകുമാറിന് മർദ്ദനമേറ്റ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരായ വിപിൻ, ഹരി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വിജയകുമാറിന്റെ മൊഴിപ്രകാരമാണ് കേസെന്ന് തൃപ്പൂണിത്തുറ എസ്ഐ ബിജു പറഞ്ഞു. കഴിഞ്ഞ മാസം 15-ന് രാത്രി പത്തുമണിയോടെയാണ്, വടക്കേക്കോട്ടയിൽ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിൽവെച്ച് വിജയകുമാറിന് മർദനമേറ്റത്.

തൃപ്പൂണിത്തുറയിൽ തെക്കുംഭാഗത്ത് ഒരു രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തത് ചോദ്യംചെയ്തായിരുന്നു ആർഎസ്എസ് ചുമതലയുള്ളവർ മർദ്ദിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ബിജെപിയിലെ വിഭാഗീയതയാണ് കാരണം എന്നാണ് പ്രാഥമിക വിവരം. ഈ വിഷയം കഴിഞ്ഞയാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിലും ബഹളത്തിടിനിടയാക്കിയിരുന്നു. വിജയകുമാറിനെ മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന്‌ സഭയിൽ ആവശ്യമുയർന്നു.

ബിജെപിക്ക്‌ നിലവിൽ 12 അംഗങ്ങളുള്ള നഗരസഭാ കൗൺസിലിൽ ഏഴ് അംഗങ്ങൾ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. വിഭാഗീയത മൂലം കൗൺസിൽ യോഗത്തിലും ബിജെപി രണ്ട് തട്ടിലാണ്‌. ചിലപ്പോൾ വി ആർ വിജയകുമാറിനെതിരേ പാർട്ടി അച്ചടക്കനടപടിയെടുക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ബുധനാഴ്ച തൃപ്പൂണിത്തുറയിലെ ബിജെപി ഓഫീസിൽ പാർട്ടി ജില്ലാ കോർ കമ്മിറ്റിയും മണ്ഡലം കോർ കമ്മിറ്റിയും കൗൺസിലർമാരും ഒരുമിച്ചുള്ള യോഗം നടന്നു. ഈ യോഗത്തിൽ തന്റെ ഭാഗം വി ആർ വിജയകുമാർ വിശദീകരിച്ചു.

തുടർന്ന് ഏഴ് കൗൺസിലർമാർ ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു. വിജയകുമാർ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഇത്. യോഗത്തിൽ ഒരംഗം എത്തിയിരുന്നില്ല. മറ്റുള്ള മൂന്നുപേർ വിജയകുമാറിനെ അനുകൂലിച്ചു.