യുപിയില്‍ പ്രൈമറി സ്കൂളില്‍ ജാതി വിവേചനം; ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് മേല്ജാതിയിലെ കുട്ടികള്‍
യുപിയിലെ പ്രൈമറി സ്കൂളില്‍ പോലും ജാതി വിവേചനം. സ്കൂളിലെ ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് മേല്‍ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുപിയിലെ രാംപുരിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. “ഈ സ്കൂളില്‍ എല്ലാ പാത്രത്തിലും എല്ലാ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാം. ഞങ്ങള്‍ക്ക് അത് പറ്റില്ല എന്നതിനാല്വീട്ടില്നിന്ന് പാത്രം കോണ്ടുവരുന്നന്നു”- വിദ്യാര്‍ത്ഥി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതുന്നു.
സ്കൂളില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വീട്ടില്‍നിന്ന് പാത്രം കൊണ്ടുവരരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവണത തുടരുന്നതായി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിലെ എല്ലാവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കണമെന്നാണ് ഞങ്ങള്‍ കുട്ടികളോട് പറയുന്നത്.
പക്ഷെ മേല്‍ ജാതിയില്‍പ്പെട്ട കുട്ടികള്‍ അനുസരിക്കുന്നില്ല. അവര്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് മാറിയിരുന്നാണ്. കാരണമായി താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.