ഒരുപാട് ദുരന്ത മേഖലകളിൽ പോയെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ കേരളത്തിൽ മാത്രമാണ് കാണാന്‍ കഴിഞ്ഞത്: രാഹുൽ ഗാന്ധി

single-img
29 August 2019

കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതിയിൽ ജനങ്ങള്‍ ഒരുമിച്ച് നിന്നെന്നുംനിരവധി ദുരിത മേഖലയില്‍ പോയിട്ടുണ്ടെങ്കിലും ഇതേപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ ഇവിടെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. അതേപോലെ കേരള പുനര്‍ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ജനങ്ങൾ ഓരോരുത്തരും അതിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്തെ ദുരിതബാധിതരായ ആളുകളുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു, കേന്ദ്ര നിലപാട് അതിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വയനാട് മണ്ഡലത്തിലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ മൂന്നാം ദിവസമായ ഇന്ന് ആറാം മയില്‍, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. വയനാടിനെ പഴയപോലാക്കി സന്തുലിതമായ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇനി നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.