യൂസഫലിയുടെ സഹായത്താൽ തുഷാർ പുറത്തിറങ്ങുമ്പോൾ വെള്ളാപ്പള്ളിയ്ക്ക് ഓർമ്മകളുണ്ടായിരിക്കണം

ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ ജാമ്യത്തുക കെട്ടിവെയ്ക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി മുന്നോട്ട് വരുമ്പോൾ വെള്ളാപ്പള്ളി നടേശൻ നാലു വർഷം മുന്നേ നടത്തിയ വർഗീയ പ്രസ്താവന ചർച്ചയാകേണ്ടതുണ്ട്.

കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൌഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയപ്പോൾ അദ്ദേഹം മുസ്ലീം ആയതുകൊണ്ടാണ് സഹായിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്നാൽ മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്നതും സഹായം ആവശ്യമായി വരുന്നതുമെല്ലാം ജാതി-മത സമവാക്യങ്ങൾക്കതീതമായ നന്മയാണെന്ന് നേരിട്ടനുഭവിച്ചറിയാൻ വെള്ളാപ്പള്ളി നടേശന് സ്വന്തം മകൻ ജയിലിൽ പോകുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടി വന്നു എന്നതാണ് കാലത്തിന്റെ കാവ്യനീതി.

2015 നവംബർ മാസത്തിലായിരുന്നു കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദര്‍ശിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബിജെപിയുമായും സംഘപരിവാ‍റുമായും രാഷ്ട്രീയ ധാരണകൾ ഉണ്ടാക്കിക്കഴിഞ്ഞിരുന്ന വെള്ളാപ്പള്ളി ഇതിൽ വർഗീയത കണ്ടെത്താനാണ് ശ്രമിച്ചത്.

“ നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കി .മരിച്ചത് മറ്റു വല്ല  ജാതിക്കാരുമായിരുന്നുവെങ്കില്‍ ഇത് വല്ലതും  നടക്കുമായിരിന്നോ. പട്ടി പോലും തിരിഞ്ഞു നോക്കില്ലായിരുന്നു. കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണം”

ഇതായിരുന്നു വെള്ളാപ്പള്ളി അന്ന് പറഞ്ഞത്.

ഓടയില്‍ വീണ് പിടയുന്ന ഒരു പരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ട് അവരുടെ രക്ഷയ്ക്കായി ഇറങ്ങി സ്വജീവൻ നഷ്ടമായ ഒരു പാ‍വം ഓട്ടോറിക്ഷാ തൊഴിലാളിയെ ആണ് വെള്ളാപ്പള്ളി ഇത്തരത്തിൽ വർഗീയ വിഷം ചീറ്റി അധിക്ഷേപിച്ചത്.

എന്നാൽ ഇന്ന് സ്വന്തം മകന്റെ രക്ഷയ്ക്ക് ഒരു മുസ്ലീം നാമധാരി എത്തുമ്പോൾ വെള്ളാപ്പള്ളി അഴുക്കുചാലിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നൌഷാദിനെയും അദ്ദെഹത്തിന്റെ കുടുംബത്തെയും ഒരുനിമിഷം ഓർക്കുമായിരിക്കും.

രണ്ടു ദിവസമായി അജ്മാന്‍ ജയിലില്‍ കഴിയുകയാണ് തുഷാര്‍ വെള്ളാപ്പള്ളി . പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക്  ഇടപാടിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ ഉച്ചയോടെ കെട്ടിവെക്കാനുള്ള നടപടികള്‍ തുടങ്ങി. ജാമ്യത്തുക കെട്ടിവെച്ചാല്‍ വൈകീട്ടോടെ പുറത്തിറങ്ങാനുളള ഉത്തരവ് ഇറങ്ങും. വെള്ളി, ശനി ദിവസങ്ങളില്‍ യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലുണ്ട്.