പ്രളയം; ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തില്ല; ആര്‍ഭാടങ്ങൾ ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍

single-img
21 August 2019

പ്രളയത്തെ തുടർന്നുള്ള പുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇക്കുറി സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞപ്രളയത്തിൽ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. അതേപോലെ, പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പ് കൊടുത്തു തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

പ്രളയദുരന്തത്തിൽപ്പെട്ട സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും, ഓരോ ജില്ലകളിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. അതേപോലെ തന്നെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

അടുത്ത മാസം സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങൾ തീരെ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്കുള്ള ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.