പ്രളയ ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം; കേന്ദ്രസംഘം കേരളത്തിലേക്ക്

single-img
20 August 2019

മഴക്കെടുതിയിൽ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളെ ബാധിച്ച പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇതിന്റെ അടുത്ത പടിയായി ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട്ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്ന് വൈകിട്ട് ചേർന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. പ്രളയം രൂക്ഷമായി ബാധിച്ച ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ദുരന്തനിവാരണ ഫണ്ടിലേയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിച്ചു.