റഡാറുപയോഗിച്ചുള്ള തെരച്ചിലിലും ഫലം കാണാതെ കവളപ്പാറയും പുത്തുമലയും

single-img
19 August 2019

മഴക്കെടുതിയിൽ കനത്ത ദുരന്തമുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും തെരച്ചില്‍ തുടരും. നിലവിൽ 46 മൃതദേഹങ്ങളാണ് കവളപ്പാറയിയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. നിനിയും 13 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്.

അത്യാധുനികമായ ഭൂഗര്‍ഭ റഡാറുപയോഗിച്ചുള്ള തെരച്ചിലായിരുന്നു ഇന്നലെ നടത്തിയത്. ഇതിലും പ്രതീക്ഷിച്ച ഫലം കണ്ടെത്താനായില്ല. പകരം വെക്കാൻ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പതിവ് രീതിയില്‍ തന്നെ തെരച്ചില്‍ തുടരാന്‍ തീരുമാനമായി. അതിനുവേണ്ടി ജെസിബി അടക്കമുള്ളവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.

പുത്തുമലയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടർന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്നും കാണാതായ അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് അധികൃതർ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ലഭിച്ചത് അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നല്‍കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ തര്‍ക്കവുമായി എത്തിയത്.തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.