കുർബാനയ്ക്ക് പോകുന്നത് തടയാന്‍ സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; ഉണ്ടായത് മനുഷ്യത്വ രഹിതമായ സംഭവമെന്ന് സിസ്റ്റര്‍

single-img
19 August 2019

കുര്‍ബാനയില്‍ പങ്കെടുക്കുന്നത് തടയാന്‍ സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. സിസ്റ്റര്‍ താമസിക്കുന്ന മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നു. തനിക്കെതിരെ അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്.

സമീപത്തെ പള്ളിയിൽ കുര്‍ബാനയ്ക്കായി പോകാനായി ഇറങ്ങിയപ്പോഴാണ് വാതിൽ പൂട്ടിതായി കണ്ടത്. ഉടന്‍തന്നെ സിസ്റ്റർ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ വിളിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് വാതിൽ തുറന്നത്. വിഷയത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്.

അതോടൊപ്പം മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സഭയില്‍ ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര.