ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യാക്കാർക്ക് മോചനം

single-img
15 August 2019

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിബ്രാള്‍ട്ടര്‍ അധികൃതര്‍ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് -1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്.

കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ജീവനക്കാരുടെ മോചനം സാധ്യമായതെന്നാണ് സൂചന. എന്നാല്‍ കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകിയേക്കും.