മോദിയേയും അമിത് ഷായേയും കൃഷ്‌ണനോടും അർജുനനോടും ഉപമിച്ച് രജനീകാന്ത്

single-img
11 August 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ച് രജനീകാന്ത്. ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ അഭിനന്ദിച്ച രജനീകാന്ത് ഇതിനെ ഒന്നാന്തരം നടപടിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

“ഇവരിൽ ആരാണ് കൃഷ്ണൻ ആരാണ് അർജുനൻ എന്ന് നമുക്കറിയില്ല. അത് അവർക്ക് മാത്രം അറിയുന്ന കാര്യമാണ്,” രജനീകാന്ത് പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ വെങ്കയ്യ നായിഡുവിന്റെ “ലിസണിങ്, ലേണിങ് ആന്റ് ലീഡിങ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്.തികച്ചും ആത്മീയ ജീവിതം നയിക്കുന്നയാളാണ് വെങ്കയ്യ നായിഡുവെന്ന് രജനീകാന്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തില്‍ തത്പരനാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ, ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി കെ പളനിസ്വാമി, ഡപ്യൂട്ടി മുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.