മഴക്കെടുതി; സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി 2,54,339 പേർ; 67 മരണം സ്ഥിരീകരിച്ചു

single-img
11 August 2019

മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി കഴിയുന്നത് 74,395 കുടുംബങ്ങളിലെ 2,54,339 പേർ. വൈകിട്ട് മൂന്നുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് കോഴിക്കോടാണ്- 317. തൃശൂരിൽ 245 ഉം, മലപ്പുറത്ത് 237 ഉം, വയനാട്ടിൽ 207 ക്യാമ്പുകളുമാണുള്ളത്.

കൊല്ലത്ത് നിലവിൽ ക്യാമ്പുകളില്ല. തിരുവനന്തപുരത്ത് എട്ടു ക്യാമ്പുകളാണുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്- 54,139 പേർ. മൂന്നുമണിവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 265 വീടുകളാണ് മഴക്കെടുതിയിൽ പൂർണമായി തകർന്നത്. 2787 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

രാവിലെ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തിയിരുന്നു. തുടർന്ന്, സെക്രട്ടേറിയറ്റിൽ ഉന്നതതലയോഗവും ചേർന്നു.