ദുരിതബാധിതർക്ക് ഇപ്പോൾ സഹായം വേണ്ടെന്ന വീഡിയോ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ശേഷം അവധിയില്‍ പ്രവേശിച്ച്‌ തിരുവനന്തപുരം കളക്ടര്;സർക്കാർ നിർദേശം മറികടന്നാണു കളക്ടർ അവധിയെടുത്തത്

single-img
11 August 2019

തിരുവനന്തപുരം: വീണ്ടും ഒരിക്കല്‍ കൂടി പ്രളയം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ തലസ്ഥാന ജില്ലയിലെ കാര്യങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കുവാനും മുന്‍കൈ എടുക്കേണ്ട ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചത് വിവാദമാകുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ളവർ അവധികളൊഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ച് മണിക്കൂറുകൾക്കകമാണ് കളക്ടറുടെ അവധി.

അവധിയെടുക്കുന്നതിന് തൊട്ടുമുമ്പ് കളക്ടർ കെ.ഗോപാലകൃഷ്ണൻ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികൾ ഇപ്പോൾ ആവശ്യമില്ലെന്നും രണ്ടുദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വിവാദമായിട്ടുണ്ട്.

ദുരിതം രൂക്ഷമായിട്ടുള്ള ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത് ജില്ലാ ഭരണകൂടമാണ്. കഴിഞ്ഞ പ്രളയസമയത്ത് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഏറ്റവും അധികം സാധനങ്ങൾ എത്തിച്ചതും തലസ്ഥാന ജില്ലയിൽ നിന്നാണ്. അന്നത്തെ കളക്ടർ ഡോ.വാസുകിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളടക്കമുള്ള സന്നദ്ധപ്രവർത്തകർ രാവും പകലുമില്ലാതെ ജില്ലാഭരണകൂടത്തോടൊപ്പം നിൽക്കുകയും ചെയ്തിരുന്നു.

കുടുംബപരമായ ഒരു ചടങ്ങിനായാണ് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കളക്ടര്‍ അവധിക്കായി അപേക്ഷിച്ചത്. എന്നാല്‍ പ്രളയം വരുന്നതിന് രണ്ടാഴ്ച മുന്‍പ് തന്നെ അവധിക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റിധാരണ പടര്‍ത്തുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു.