സോണിയ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്.

single-img
11 August 2019

കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് സോണിയയെ താൽക്കാലിക അധ്യക്ഷയാക്കിയ വിവരം പ്രഖ്യാപിച്ചത്. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണു തീരുമാനം.

രാജി പിന്‍വലിക്കാന്‍ വിസമ്മതിച്ച രാഹുല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നതില്‍ ക്ഷുഭിതനായി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്. രാഹുലിന്റെ രാജി യോഗം അംഗീകരിച്ചിട്ടുണ്ട്.

ഗുരുതര പ്രതിസന്ധിയിൽ നിന്നു കോൺഗ്രസിനെ കരകയറ്റാൻ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാകണമെന്ന നിർദേശം നേരത്തേ പാർട്ടിയിൽ ഉയർന്നു വന്നിരുന്നു. ഇടക്കാല പ്രസിഡന്റാകുമോ എന്ന് പാർലമെന്റ് അങ്കണത്തിൽ വച്ച് അടുത്തിടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നിഷേധിക്കാൻ സോണിയ തയാറായുമില്ല. അതോടെ അഭ്യൂഹങ്ങളും ശക്തമായി. നെഹ്റു കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകണമെന്ന രാഹുലിന്റെ നിലപാടിനും വിരുദ്ധമായാണ് ഇപ്പോൾ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും സോണിയ എത്തിയിരിക്കുന്നത്.