മിന്നൽ പ്രളയം:രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും;കളക്ട്രേറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും

single-img
10 August 2019

കോഴിക്കോട്: സംസ്ഥാനത്ത് ദുരന്തമായി മാറുന്ന തോരാത്തമഴയില്‍ വലയുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് രാഹുല്‍ കോഴിക്കോടെത്തും.

പ്രളയദുരിതം നേരിടുന്ന മലപ്പുറം വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വനയാട്ടിലെത്തുക.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ ഇന്നലെ തന്നെ രാഹുല്‍ ഗാന്ധി എം പി ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.