ഉരുള്‍ പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ പ്രദേശമാകെ ഒലിച്ച് പോയ നിലയില്‍; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ദുരന്ത വ്യാപ്തി ഇനിയും തിരിച്ചറിയാന്‍ കഴിയാതെ രക്ഷാ പ്രവര്‍ത്തകര്‍

single-img
9 August 2019

കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ കാണാൻ സാധിക്കുന്നത് ഒരു പ്രദേശമാകെ ഒലിച്ച് പോയ നിലയിൽ. എസ്റ്റേറ്റ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന രണ്ട് പാടികളും ഇരുപതോളം വീടുകളും പള്ളിയും അമ്പലവും എല്ലാം ഒലിച്ചുപോയി.വിനോദ സഞ്ചാര മേഖലയായ ഇവിടെ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്.

പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മണ്ണിനടിയിലാണ്. മലപ്പുറം ജില്ലയിൽ നിന്നും എത്തിയ നാലംഗ സംഘം എവിടെയാണെന്നും അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും ഇവിടെയുണ്ടായ അപകടത്തിന്‍റെ വ്യാപ്തി തിരിച്ചറിയാൻ പോലുംകഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍.

പ്രദേശത്തു താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ട് കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും ഒലിച്ച് പോയ നിലയിലാണ്.ഇതിൽ താമസിച്ചിരുന്നവർ ഇപ്പോൾ എവിടെ എന്ന് അറിയാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളരെ ദുര്‍ഘടമായ വഴിയായതിനാൽ പുത്തുമലയിലേക്ക് എത്തിപ്പെടാനും കഴിയാത്ത അവസ്ഥയിലാണ്. രാത്രിയും തുടർന്ന കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.

ഇതുവരെ മൂന്ന് മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ വീണ്ടെടുത്തു. നിലവിൽ എത്രപേര്‍ ദുരിശ്വാസ ക്യാമ്പിലേക്ക് മാറിയെന്നോ എത്രപേര്‍ ഓടി രക്ഷപ്പെട്ടെന്നോ എത്രപേര്‍ മണ്ണിനടിയിൽ പെട്ടുപോയെന്നോ പോലും അറിയാത്ത അവസ്ഥയാണിപ്പോൾ പുത്തുമലയിൽ ഉള്ളത്.