മിന്നൽ പ്രളയം:ഏഴ്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

single-img
9 August 2019
പശ്ചിമ ഇന്ത്യ പ്രളയം

കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് വയനാട്ടിലെ ബാണാസുരാസാഗർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി: കല്ലാർകുട്ടി ഡാം, പാംബ്‍ള ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം. പത്തനംതിട്ട: മണിയാർ (തടയണ). എറണാകുളം: ഭൂതത്താൻകെട്ട് (തടയണ), നേരിയമംഗലം ഡാം. തൃശൂർ: പെരിങ്ങൽകുത്ത് ഡാം, അസുരൻകുണ്ഡ് ഡാം, പൂമല ഡാം. പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, വാളയാർ ഡാം, മൂലത്തറ (റഗുലേറ്റർ). വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം ഡാം, കുറ്റ്യാടി. കണ്ണൂർ: പഴശ്ശി (തടയണ).

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതുകൊണ്ട് അസാധാരണമായ ഇടപെടല്‍ നടത്തി മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലത്തില്‍ വരെ കണ്‍ട്രോള്‍ റൂമുകള്‍ സദാ സജ്ജരായിരിക്കും.