വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം; മരണം പത്തായി; ഉരുള്‍പൊട്ടിയ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

single-img
9 August 2019

സംസ്ഥാനത്തെ കനത്ത മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പത്തായി. പ്രധാനമായും വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. കോഴിക്കോട് ജില്ലയിലെ വടകര വിലങ്ങാടിൽ ഇന്ന് രാവിലെ ഉരുൾപൊട്ടി നാലുപേരെ കാണാതായി. ഇവിടെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പല സ്ഥലങ്ങളിലും പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർഗതി മാറിയൊഴുകി.കഴിഞ്ഞ ദിവസം രാത്രിയിലും മഴ തുടര്‍ന്നതോടെയാണ് പലയിടത്തും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിച്ചത്.

വയനാട് കല്‍പറ്റയില്‍ മേപ്പാടിക്ക് സമീപമുള്ള ഏസ്റ്റേറ്റ് മേഖലയായ പുത്തുമലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനംഇന്ന് പുനരാരംഭിച്ചു. ഇവിടെ ഉണ്ടായിട്ടുള്ള അപകടത്തിന്‍റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. ലഭ്യമായിട്ടുള്ള സൂചനകള്‍ അനുസരിച്ച് വന്‍ നാശനഷ്ടമാണ് പുത്തുമലയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.