ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല, പിന്നെ എങ്ങിനെയാണ് യോഗം വിളിക്കുക; കാശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ രാഹുല്‍ ഗാന്ധി

single-img
6 August 2019

ഭരണഘടനാ പ്രകാരം ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ വെളിവാക്കുന്നതാണ് രാഹുലിന്റെ പിന്മാറ്റം എന്നാണു വിലയിരുത്തപ്പെടുന്നത്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രത്യേക യോഗം വിളിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷനല്ലാത്ത താന്‍ എങ്ങനെ പാര്‍ട്ടി യോഗം വിളിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി.

കാശ്മീര്‍ വിഭജന ബില്ലിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുമ്പോള്‍ കോണ്‍ഗ്രസിലെ ജനാര്‍ദന്‍ ദ്വിവേദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ വിഷയത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടിയന്തരമായി പ്രവര്‍ത്തക സമതി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ഇന്നലെ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദായിരുന്നു. അതേപോലെ മുതിര്‍ന്ന നേതാവ് പി ചിദംബരവും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. അതേസമയം കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസില്‍ നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും രാജ്യസഭ വിപ്പുമായ ഭുവനേശ്വര്‍ കലതി പാര്‍ട്ടിയില്‍ രാജി പ്രഖ്യാപിച്ചിരുന്നു.