അയോധ്യ തര്‍ക്കവിഷയത്തില്‍ ദിവസേന വാദം കേള്‍ക്കല്‍ ഇന്നാരംഭിക്കും

single-img
6 August 2019

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കവിഷയത്തില്‍ അന്തിമവിധി നിര്‍ണയത്തിനായുള്ള വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മധ്യസ്ഥസമിതി വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ പരാജയപ്പെട്ടതായുള്ള സുപ്രീംകോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേട്ട് അന്തിമതീരുമാനത്തിലെത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിർദേശിച്ചത്. 

അയോധ്യാ വിഷയത്തില്‍ തീര്‍പ്പിലെത്താന്‍ മൂന്നംഗ മധ്യസ്ഥസമിതിയെ ഈ കൊല്ലം ആദ്യമാണ് സുപ്രീംകോടതി നിയോഗിച്ചത്. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ് എം ഖലിഫുള്ള, ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു മധ്യസ്ഥ സമിതി അംഗങ്ങള്‍. 

എട്ടാഴ്ചക്കുള്ളില്‍ തര്‍ക്കപരിഹാരം നിര്‍ണയിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം മധ്യസ്ഥസമിതിക്ക് പാലിക്കാനായില്ല. മാര്‍ച്ചില്‍ ആരംഭിച്ച പരിഹാരശ്രമങ്ങള്‍ നീണ്ടു. ചില കക്ഷികളുമായി രമ്യതയിലെത്താന്‍ സാധിച്ചില്ല എന്ന് സമിതി കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ദിവസേന വാദം കേട്ട് എത്രയും വേഗം വിഷയം പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. നവംബറില്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്നത് കൊണ്ട് അതിന് മുമ്പ് വിഷയത്തില്‍ വിധിയുണ്ടാകുമെന്നാണ് നിഗമനം.