മദ്യ ലഹരിയില്‍ വാഹനാപകടം; ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി

single-img
5 August 2019

മദ്യലഹരിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശിനെയാണ് സസ്‌പെന്റ് ചെയ്തത്.

അപകടശേഷമുള്ള പ്രാഥമിക അന്വേഷണത്തിൽ ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിക്കൊണ്ട് ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കി. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

അന്വേഷണ ടീമിൽ ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസ്, തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ അജി ചന്ദ്രന്‍ നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ എസ്എസ് സുരേഷ് ബാബു എന്നിവരാണ് ഉള്ളത്. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.