രാജ്യസഭ പ്രക്ഷുബ്ദം; ഭരണഘടന കീറാന്‍ ശ്രമിച്ച പിഡിപി എംപിമാരെ സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കി

single-img
5 August 2019

ജമ്മു കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭ പ്രക്ഷുബ്ദമായി. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച പിഡിപിയുടെ എംപിമാരെ രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു സഭയ്ക്കു പുറത്താക്കി. എം പി മിര്‍ ഫയാസ് സഭയില്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഫയാസിനോടും നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് ഇത്.

സഭയില്‍ ശബ്ദം ഉയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ട് ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചുകൊണ്ട് ബില്‍ അവതരിപ്പിക്കുകയായിരുന്നു.
രാജ്യത്തെ സംബന്ധിച്ച് വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. എം പിമാര്‍ക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായെ സംസാരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കാതെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകള്‍ക്ക് കൂടി ഉപരാഷ്ട്രപതി അനുമതി നല്‍കി.