പേരാമ്പ്രയില്‍ വൈകിട്ട് ആറ് മണി വരെ ഹര്‍ത്താല്‍
പേരാമ്പ്ര കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഹര്‍ത്താല്‍. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഓഫീസിന്റെ ഒന്നാം നിലയിലെ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും നിലത്ത് പതിച്ച ടൈലുകളും ആക്രമികള്‍ പൂര്‍ണമായി തകര്‍ത്തു.
ആക്രമണങ്ങളുടെ പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
ഈ കെട്ടിടമാണ് ആക്രമികള്‍ അടിച്ച് തകര്‍ത്തത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയില്‍ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ എസ്ഡിപിഐ പ്രകടനവുമുണ്ടായി.