തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു; മൂന്ന് പേര്‍ അപകടനില തരണം ചെയ്തു

single-img
31 July 2019

ചൊവ്വാഴ്ച വൈകീട്ട് ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (40) ആണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), കാവീട് സ്വദേശി ബിജേഷ്(40) എന്നിവരാണ് വെട്ടേറ്റ മറ്റുള്ളവര്‍.

ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.