ഗായകന് ഉദിത് നാരായണന് ഫോണിലൂടെ വധഭീഷണി
പ്രശസ്ത ഗായകന് ഉദിത് നാരായണനെതിരെ വധഭീഷണി. അദ്ദേഹത്തിന്റെ ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അംബോലി പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്. ഈ വർഷം ഏപ്രില്‍ മുതല്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
ഇതുവരെ മൂന്ന് തവണ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചു.അതുകൊണ്ടുതന്നെ ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് അംബോളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ മാസം ആറിന് ഗുഡി പദ്വ ദിനത്തിലാണ് ഒരാള്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്, അപ്പോൾ തന്നെ ആ നമ്പർ കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സ്വിച്ച് ഓഫോ പരിധിക്ക് പുറത്തോ ആയിരുന്നു.
പിന്നീട് ജൂലൈയില്‍ ഒരു ദിവസം, ഒരു റിയാലിറ്റി മ്യൂസിക് ഷോയുടെ ഷൂട്ടിംഗിനായി തയ്യാറെടുത്തുകൊണ്ട് നില്ക്കുമ്പോള് എനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു.അന്ന് ഒരാള്‍ എന്നെ വളരെ മോശമായ രീതിയില്‍ അധിഷേപിച്ചു. ആരോ ഒരാൾ എനിക്ക് ഫോണില്‍ ഒരു മോശം സന്ദേശവും അയച്ചു. പിന്നീടാണ് ഇത് നിസ്സാരമായി കാണരുതെന്ന് എനിക്ക് തോന്നിയത്. അതിനെ തുടര്‍ന്നാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത് – ഉദിത് നാരായണന് പറഞ്ഞു.